Hi quest ,  welcome  |  sign in  |  registered now  |  need help ?

ആപ്പിളിന് നേരെ ആക്രമണം

Written By Muhimmath News on Wednesday 20 February 2013 | 04:57


ഫെയ്‌സ്ബുക്കിനെ ആക്രമിച്ച കുബുദ്ധികള്‍, ലോകത്തെ ഏറ്റവും വലിയ ടെക്‌നോളജി കമ്പനിയായ ആപ്പിളിനെയും വെറുതെ വിട്ടില്ല. തങ്ങളും ആക്രമിക്കപ്പെട്ടതായും, എന്നാല്‍ ആക്രമണം നടത്തിയവര്‍ക്ക് വിവരങ്ങളൊന്നും കവരാന്‍ സാധിച്ചില്ലെന്നും ആപ്പിള്‍ കമ്പനി അറിയിച്ചു.

ഹാക്കര്‍മാരെ നേരിടാന്‍ നിയമപാലകരുടെ സഹായം തേടുമെന്ന്, ഐഫോണിന്റെയും ഐപാഡിന്റെയും മകിന്റോഷ് കമ്പ്യൂട്ടറുകളുടെയും നിര്‍മാതാക്കളായ ആപ്പിള്‍ അറിയിച്ചു.

ആപ്പിളിനെയും മറ്റ് കമ്പനികളെയും ആക്രമിച്ച് വിവരങ്ങള്‍ കവരാന്‍ പ്രത്യേക ദുഷ്ടപ്രോഗ്രാം (മാള്‍വെയര്‍) ആണ് ഉപയോഗിക്കപ്പെട്ടതെന്ന് ആപ്പിള്‍ പറഞ്ഞു. സോഫ്ട്‌വേര്‍ ഡെവലപ്പര്‍മാര്‍ക്ക് വേണ്ടിയുള്ള ഒരു വെബ്‌സൈറ്റ് വഴിയാണ് ദുഷ്ടപ്രോഗ്രാം വ്യാപിച്ചതെന്നും ആപ്പിള്‍ അറിയിച്ചു.

വെബ്ബ് ബ്രൗസറുകളുടെ 'പ്ലഗ്-ഇന്‍' ആയുപയോഗിക്കുന്ന ജാവാ പ്രോഗ്രാമിന്റെ ഒരു പിഴവ് മുതലെടുത്താണ് ദുഷ്ടപ്രോഗ്രാം പടര്‍ന്നത്. 'ആപ്പിള്‍ ആസ്ഥാനത്തെ കുറെ കമ്പ്യൂട്ടറുകളില്‍ ദുഷ്ടപ്രോഗ്രാം ബാധിച്ചതായി കണ്ടു. അതിനെ തുടര്‍ന്ന് ആ കമ്പ്യൂട്ടറുകള്‍ കമ്പനിയുടെ കമ്പ്യൂട്ടര്‍ ശൃംഖലയില്‍ നിന്ന് വേര്‍പെടുത്തി' - വാര്‍ത്താഏജന്‍സിയോട് ആപ്പിള്‍ വക്താവ് പറഞ്ഞു.

ആപ്പിളില്‍നിന്ന് എന്തെങ്കിലും വിവരങ്ങള്‍ കവരാന്‍ ആക്രമണം വഴി കഴിഞ്ഞു എന്നു കരുതുന്നില്ലെന്ന് വക്താവ് പറഞ്ഞു. ആപ്പിളിന്റെ മാക് കമ്പ്യൂട്ടറുകളില്‍ കുഴപ്പബാധിത ജാവാ പ്രോഗ്രാമിനെ നിര്‍വീര്യമാക്കുന്ന സോഫ്റ്റ്‌വേര്‍ അപ്‌ഡേറ്റ് വേഗം പുറത്തിറക്കാനുള്ള നടപടി കമ്പനി ആരംഭിച്ചിട്ടുണ്ട്.

0 comments:

Post a Comment